ലോക്ഭവനിലെ നോൺ വെജ് നിയന്ത്രണം: ഗവർണർക്കെതിരെ എം.വി. ഗോവിന്ദൻ മാസ്റ്റർ ; വ്യക്തിപരമായ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് വിമർശനം
ലോക്ഭവനിലെ നോൺ വെജ് ഭക്ഷണ നിയന്ത്രണത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഓരോരുത്തരും എന്ത് ഭക്ഷണം കഴിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ ഭക്ഷണം മതിയെങ്കിൽ അത് കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോക്ഭവനിലുള്ള എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് നിർദേശിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോൺ വെജ് ഭക്ഷണം ഒഴിവാക്കാനുള്ള നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ താൽപര്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ഭക്ഷണരീതികൾ ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നുമാണ് ഗോവിന്ദൻ മാസ്റ്ററുടെ നിലപാട്.
ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. അന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഉണ്ടായിരുന്നതിനാലാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും ബഹിഷ്‌കരണമായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്തെ എസ്എംഎ മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും ഗോവിന്ദൻ മാസ്റ്റർ വിമർശനം ഉന്നയിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തപ്പോൾ പരിഹാസപരമായ നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം വിമർശിച്ചു.
മുൻ ആരോഗ്യ മന്ത്രിമാർക്കെതിരെ കെ. മുരളീധരൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയെന്നും മറുപടി നൽകാനില്ലാത്തതിനാലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. മന്ത്രിയുടെ പ്രതികരണരീതി അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.