Skip to main content
വാർത്തകൾ

ഗ്യാനേഷ് കുമാർ ബിജെപി സർക്കാരിന്റെ പാദസേവകൻ ; അംബേദ്കറുടെ മുന്നറിയിപ്പ് ഓർമിപ്പിച്ച് പി. ജയരാജൻ

p jayarajan

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന വ്യക്തിയെ ഭരണകൂടം നേരിട്ട് നാമനിർദേശം ചെയ്യുന്നത് അപകടകരമാണെന്ന് ഡോ. ബി.ആർ. അംബേദ്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ഭരണകൂടം നിയമിക്കുന്ന വ്യക്തി വിഡ്ഢിയോ കപടതയുള്ളയാളോ ഭരണകൂടത്തിന്റെ പാദസേവകനോ ആയി മാറാൻ സാധ്യതയുണ്ടെന്നായിരുന്നു അംബേദ്കറുടെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയരാജൻ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപി സർക്കാരിന്റെ പാദസേവകനായി മാറിയിരിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. 1949ൽ അംബേദ്കർ നടത്തിയ പരാമർശങ്ങൾ ഓർത്തെടുക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഡൽഹിയിൽ സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.