Skip to main content
വാർത്തകൾ

കെഎസ്ഇബി വൈദ്യുതി വാങ്ങൽ വിവാദം ഗൗരവതരം; വി.ഡി. സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പി. രാജീവ്

p rajeev

കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ നടപടികളുമായി ബന്ധപ്പെട്ട വിവാദം അതീവ ഗൗരവതരമാണെന്ന് മുൻ മന്ത്രി പി. രാജീവ്. സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജീവ് വിമർശിച്ചു.

ടെൻഡർ നടപടികളില്ലാതെ വൈദ്യുതി വാങ്ങുന്നതിന് മറ്റ് മാർഗങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി വാങ്ങുകയാണ് വേണ്ടത്. അഞ്ച് രൂപയ്ക്ക് വൈദ്യുതി ലഭിക്കാൻ സാഹചര്യമുള്ളപ്പോൾ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ തിടുക്കപ്പെട്ട് കരാറിലേക്ക് നീങ്ങിയത് എന്തിനാണെന്നും പി. രാജീവ് ചോദിച്ചു.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെയാണ് വൈദ്യുതി വാങ്ങൽ നടപടികൾ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്ന് വൈദ്യുതി കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയപ്പോൾ സർക്കാർ കോടതിയെ സമീപിക്കുകയാണ് ചെയ്തതെന്നും രാജീവ് വ്യക്തമാക്കി.