ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനം; കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷം, പ്രതിരോധിക്കാൻ എ ഗ്രൂപ്പ് രംഗത്ത്
പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശം തള്ളി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ഷാഫി പറമ്പിലിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങളെ പ്രതിരോധിക്കാൻ എ ഗ്രൂപ്പ് പരസ്യമായി രംഗത്തിറങ്ങാനൊരുങ്ങുന്നു. ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. എ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെയും പിന്തുണയുണ്ട്. ഉണ്ണിത്താനെതിരെ ഒരുമിച്ച് നീങ്ങാനാണ് ഇരുവിഭാഗങ്ങളുടെയും തീരുമാനം.
എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹ്നാനും കെ.സി. ജോസഫും ഇന്ന് മാധ്യമങ്ങളെ കാണും. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഷാഫി പറമ്പിലിന്റെ പേര് പരിഗണിക്കുന്നത് തടയുകയാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നാണ് ആരോപണം. ഷാഫിയെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിലെ മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
അതേസമയം, കെപിസിസി അധ്യക്ഷനാകാൻ കഴിയാത്തതിന്റെ അമർഷമാണ് ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നിലെന്നാണ് ഷാഫി അനുകൂലികളുടെ ആരോപണം. എന്നാൽ, കെപിസിസി പുനഃസംഘടനയിൽ സ്ഥാനമുറപ്പിക്കാൻ ഷാഫി പറമ്പിൽ കെ.സി. വേണുഗോപാൽ പക്ഷത്തെയും എ ഗ്രൂപ്പിനെയും കൂട്ടുപിടിക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ വിമർശനം.
നേതൃത്വം പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടും നേതാക്കൾ തമ്മിലുള്ള പരസ്യമായ വാക്പോര് തുടരുന്നത് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കുകയാണ്.