ഉന്നത വിദ്യാഭ്യാസ മേഖലയുടെ കച്ചവടവത്കരണത്തിന് നീക്കം; സർക്കാർ ഉത്തരവിനെതിരെ ആർ. ബിന്ദു
എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കച്ചവടവത്കരണം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അവർ വിമർശിച്ചു. കേന്ദ്ര നയങ്ങൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കാർ ഉത്തരവെന്നും ആർ. ബിന്ദു ആരോപിച്ചു.
യുജിസിയെ ഉപയോഗിച്ച് കേന്ദ്ര നയങ്ങൾ അതേപടി പിന്തുടരുകയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ന്യൂജൻ കോഴ്സുകൾ വേണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പുതിയ കോഴ്സുകൾ ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ എയ്ഡഡ് മേഖലയിൽ പരമ്പരാഗത കോഴ്സുകളും സ്വാശ്രയ മേഖലയിൽ പുതിയ കോഴ്സുകളും അനുവദിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതിലെ ഇരട്ടത്താപ്പ് അപലപനീയമാണെന്നും ആർ. ബിന്ദു പറഞ്ഞു.
സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് അടിച്ചേൽപ്പിക്കുന്നതാകും പുതിയ ഉത്തരവിന്റെ ഫലമെന്നും അവർ മുന്നറിയിപ്പ് നൽകി. സ്വാശ്രയ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കണ്ടതായി മനസ്സിലാക്കുന്നുവെന്നും നയമാറ്റത്തിന് പിന്നിലെ കാരണം മന്ത്രി വ്യക്തമാക്കണമെന്നും ആർ. ബിന്ദു ആവശ്യപ്പെട്ടു.