ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ആർഎസ്പി; യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം
ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ആർഎസ്പി. മുന്നണി യോഗം ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ വേദിയില്ലാതായെന്നും ആർഎസ്പി മുതിർന്ന നേതാവ് എ.എ. അസീസ് വിമർശിച്ചു.
യുഡിഎഫ് കൺവീനർ തന്നെ മുന്നണിയോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ യോഗം നടന്നിട്ടില്ലെന്ന് അസീസ് പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങളായ ബോർഡുകളും കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും അനാഥാവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളിൽ അടിയന്തരമായി പരിഹാരം കാണണമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ നടപ്പാക്കുന്നില്ലെന്നും അസീസ് കുറ്റപ്പെടുത്തി.
മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനങ്ങൾ നൽകിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അസീസ് പറഞ്ഞു. ചില കാര്യങ്ങളിൽ മാത്രമാണ് ഭരണചക്രം ചലിക്കുന്നത്. അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആർഎസ്പിക്ക് ഒൻപത് പദവികൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ നാല് പദവികൾ കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണെന്നും അസീസ് പറഞ്ഞു. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലും മുന്നണിയോഗം ചേരാത്തതിലും അതൃപ്തി അറിയിച്ച് 'എ' ഗ്രൂപ്പ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.