Skip to main content
വാർത്തകൾ

ക്ഷേമനിധി ബോർഡ് നിയമനം; പാലക്കാട്ടെ കോൺഗ്രസിൽ ഭിന്നത രൂക്ഷം, പരാതിയുമായി ബ്ലോക്ക് നേതാക്കൾ

congress

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനത്തെച്ചൊല്ലി പാലക്കാട്ടെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ബിജെപി മഹിളാ മോർച്ച ജില്ലാ സെക്രട്ടറി അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യയ്ക്ക് ബോർഡിൽ നിയമനം നൽകിയതാണ് വിവാദത്തിന് കാരണമായത്. നിയമനത്തിന് പിന്നിൽ പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകി. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് ആവശ്യം.

പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ പറഞ്ഞു. ഒഴിവ് നികത്തിയതിൽ അപാകതയുണ്ടെങ്കിൽ ഇടപെടുമെന്നും മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കോൺഗ്രസ് നേതാവ് ശുപാർശ ചെയ്തതായി പരാതിയിൽ പറയുന്നില്ലെന്നും ബിജെപി പ്രവർത്തകർക്ക് കോൺഗ്രസുകാർ ശുപാർശ ചെയ്യാൻ സാധ്യതയില്ലെന്നും എ. തങ്കപ്പൻ കൂട്ടിച്ചേർത്തു. പ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.