Skip to main content
വാർത്തകൾ

ടെൻഡറില്ലാതെ 200 മെഗാവാട്ട് വൈദ്യുതി വാങ്ങി; യുഡിഎഫിനെതിരെ അഴിമതി ആരോപണവുമായി പിണറായി

pinarayi vijayan

വി.ഇ.എച്ച്. ഗ്ലോബൽ കമ്പനിയിൽനിന്ന് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടപാട് നടന്നതെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വൈദ്യുതി നിയമത്തിലെ 62, 63 വകുപ്പുകൾ പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലൂടെയോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിശ്ചയിക്കാവൂ. എന്നാൽ വി.ഇ.എച്ച്. ഗ്ലോബലിന്റെ ഓഫറിന്റെ അടിസ്ഥാനത്തിൽ യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചെന്നാണ് പിണറായിയുടെ ആരോപണം. ഈ നടപടിക്ക് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രമാണ് വിലയെന്നിരിക്കെ 11 രൂപയ്ക്ക് കരാറുണ്ടാക്കിയത് സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചു.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകാനുള്ള വി.ഇ.എച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. എന്നാൽ ടെൻഡറിൽ പങ്കെടുക്കാൻ കമ്പനിക്ക് യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് ആരുടെ താൽപര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.

ജി.എൻ.എ കരാറിലെ അഴിമതി ആരോപണങ്ങളിൽ 'കരാറിൽ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നൽകി ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്നും പിണറായി പറഞ്ഞു. ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.