വീട്ടുതടങ്കലിലെന്ന് സോനം വാങ്ചുക്ക്; വീടിനു ചുറ്റും സായുധ കാവൽക്കാരെന്ന് ആരോപണം
താൻ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി ലഡാക്കിലെ വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്ക്. കഴിഞ്ഞ വർഷം ലഡാക്കിലെ ലേയിൽ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈകുന്നതിനെ ചോദ്യം ചെയ്തതാണ് നടപടിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചിരിക്കുകയാണെന്നും വാങ്ചുക്ക് പറഞ്ഞു.
തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊടുംതണുപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ലഡാക്കിൽ കൗൺസിൽ തിരഞ്ഞെടുപ്പ് തിടുക്കത്തിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വാങ്ചുക്ക് വിമർശിച്ചു.
അതേസമയം, ലഡാക്കിൽ തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ പ്രതിഷേധ വേദിയിലെത്തിയ വാങ്ചുക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. ലേയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പിന്നീട് വീട്ടിലെത്തിക്കുകയായിരുന്നു.
പൊലീസ് നടപടിക്കു പിന്നാലെ ‘രാജ്യത്തോടുള്ള ലഡാക്കിന്റെ അടിയന്തര അഭ്യർഥന’ എന്ന തലക്കെട്ടിൽ വാങ്ചുക്ക് എക്സിൽ വീഡിയോ സന്ദേശം പങ്കുവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോടും രാജ്യത്തെ ജനങ്ങളോടും ലഡാക്കിന്റെ വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.