സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ ആശ്വാസം; വി.സിക്കും സർക്കാരിനുമെതിരെ തോമസ് ഐസക്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സമർപ്പിച്ച ഭേദഗതി ഹരജി സർവകലാശാലയുടെ എതിർപ്പുകൾ തള്ളി ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ വിദ്യാർത്ഥികളുടെ ഹരജിയിൽ വിശദമായ വാദം കേൾക്കാനുള്ള നടപടികൾക്ക് വഴിയൊരുങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വാദം കേൾക്കുക.
വിഷയത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. വിദ്യാർത്ഥികളോട് പ്രതികാരബുദ്ധിയോടെയാണ് വൈസ് ചാൻസലറും ബന്ധപ്പെട്ടവരും പെരുമാറുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.
സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, വൈസ് ചാൻസലറും ബന്ധപ്പെട്ട മന്ത്രിയും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നാല് വിദ്യാർത്ഥികളുടെ സസ്പെൻഷൻ രണ്ടുമാസത്തേക്ക് കൂടി നീട്ടുകയും മാപ്പെഴുതി നൽകിയാൽ മറ്റ് 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായി തോമസ് ഐസക് ചൂണ്ടിക്കാട്ടി.
സസ്പെൻഷൻ കാലയളവ് ഹാജർ കണക്കിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഹാജരില്ലെന്ന് വാദിക്കാനാണ് വൈസ് ചാൻസലർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സുപ്രീം കോടതി ഈ വാദങ്ങൾ തള്ളുകയും വിഷയത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. കോടതി വിധി അനുകൂലമായാൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാലയ്ക്ക് സുപ്രീം കോടതിയിൽ സമ്മതിക്കേണ്ടിവന്നതായും തോമസ് ഐസക് പറഞ്ഞു.
കേസ് വീണ്ടും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചിലെത്തിയപ്പോഴാണ് സസ്പെൻഷനും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നും നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഭേദഗതി ഹരജി നൽകിയത്. സർവകലാശാലയുടെ എതിർവാദങ്ങൾ തള്ളിയ കോടതി തുറന്ന മനസോടെ വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയതായും തോമസ് ഐസക് പറഞ്ഞു.
ജെ.എൻ.യു, ജാമിയ മില്ലിയ, അലിഗഢ് സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി സമരങ്ങൾക്കുശേഷം പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുകയും പ്രതികാര നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്ത മാതൃക കേരളത്തിലെ അധികാരികളും കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.