Skip to main content
വാർത്തകൾ

കിഫ്ബി കടഭാര വികസനമല്ല, കേരളത്തിന്റെ വളർച്ചയ്ക്കുള്ള നിക്ഷേപം; മനോരമ എഡിറ്റോറിയലിനെതിരെ തോമസ് ഐസക്

isac kiifb

കിഫ്ബിയെ വിമർശിച്ചുള്ള മലയാള മനോരമയുടെ എഡിറ്റോറിയലിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സുധാപിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘കിഫ്ബി സാധ്യമാക്കിയത് കടഭാര വികസനം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലെ വാദങ്ങളെ ചോദ്യം ചെയ്ത് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

കിഫ്ബി വഴി സംസ്ഥാനത്ത് വലിയ തോതിൽ പശ്ചാത്തല സൗകര്യ വികസനം സാധ്യമായെന്നും ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമാകുമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുടെ വായ്പകൾ ദൈനംദിന ചെലവുകൾക്കല്ല, ആസ്തികൾ സൃഷ്ടിക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബിയുടെ വായ്പാ തിരിച്ചടവിൽ ഭൂരിഭാഗവും സർക്കാർ നൽകുന്ന പണത്തിൽ നിന്നാണെന്ന വിമർശനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ബജറ്റിൽ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിൽ വികസന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ കിഫ്ബി സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് കിഫ്ബിയുടെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും തോമസ് ഐസക് ആരോപിച്ചു. വരുമാനം ലഭിക്കുന്ന പദ്ധതികൾ വർധിപ്പിക്കുകയും തിരിച്ചടവിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു.

കിഫ്ബിയെ വിമർശിക്കുന്നവർ കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് പകരം എന്ത് സംവിധാനമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ പശ്ചാത്തല സൗകര്യ വികസനത്തിന്റെ വേഗം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.