യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ചകൾക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തി.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി വിപുലമായ തയ്യാറെടുപ്പുകളാണ് കോൺഗ്രസ് നടത്തുന്നത്. തുടർച്ചയായ രണ്ട് തവണയും അധികാരത്തിലെത്തിയ ബിജെപിയുടെ ഭരണനയങ്ങൾക്കെതിരെ ജനവികാരം ശക്തമാക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനും പാർട്ടി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള സഹകരണവും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സമാജ്വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. 37 സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. ബിജെപിക്ക് 33 സീറ്റുകളും കോൺഗ്രസിന് ആറ് സീറ്റുകളും ലഭിച്ചു.
ഇന്ത്യ മുന്നണിയുടെ ഭാഗമായി സഹകരിക്കുമെന്നും സീറ്റ് വിഭജന ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി മികച്ച സ്ഥാനാർഥികളെ മത്സരരംഗത്തിറക്കുമെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും ലക്ഷ്യം.