മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ
മുഖ്യമന്ത്രി വി.ഡി. സതീശന്റെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രകോപനപരമാണെന്നാണ് പരാതിയിലെ ആരോപണം.
ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 20ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു വി.ഡി. സതീശന്റെ വിവാദ പ്രസംഗം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്നുണ്ടായ സംഭവങ്ങളൊന്നും മറക്കില്ലെന്നും പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു പ്രസംഗത്തിലെ പരാമർശം.
കഴിഞ്ഞ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സർക്കാർ കൈവിടില്ലെന്നും അവരുടെ ത്യാഗങ്ങൾ കൂടി ഉൾപ്പെട്ടതാണ് പുതിയ സർക്കാരെന്നുമാണ് സതീശൻ പറഞ്ഞത്.
അതേസമയം, പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ കേസെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.