മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപിയുടെയും ഇടതുപക്ഷ സംഘടനകളുടെയും സമരത്തെ ഡൽഹി പൊലീസ് നേരിട്ടത് അടിയന്തരാവസ്ഥയിൽ പോലും കാണാത്ത അതിക്രൂര നടപടികൾ കൊണ്ടാണ് . പെൺകുട്ടികളടക്കമുള്ള പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തും മർദിച്ചു.
ശനിയാഴ്‌ച പ്രക്ഷോഭത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ അതിനീചമായ രീതിയിലാണ് കൈകാര്യം ചെയ്‌തത്. പ്രായമായവരെ പോലും റോഡിലൂടെ വലിച്ചിഴച്ചു. പിണറായി വിജയൻ, എം എ ബേബി തുടങ്ങിയ നേതാക്കളെ കസ്‌റ്റഡിയിലെടുത്ത് മണിക്കൂറുകളോളം പൊലീസ് വാഹനങ്ങളിൽ നഗരത്തിലൂടെ കറക്കി. വിവിധ സ്‌റ്റേഡിയങ്ങളിലും പൊലീസ് സ്‌റ്റേഷനുകളിലുമായി ഇവരെ എട്ടു മണിക്കൂർ വരെ കസ്‌റ്റഡിയിൽ വെച്ചു. ചിലരെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല.
നാലായിരം വനിതകൾ ഉൾപ്പെടെ 15000 സുരക്ഷാ ഭടന്മാരെ ജന്തർമന്തറിലും പരിസരത്തും നിയോഗിച്ചിരുന്നു. ഇവരെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സംഘപരിവാർ ക്രിമിനലുകളെയും വ്യപകമായി കൊണ്ടിറക്കി. നെയിംബോർഡ് ഇല്ലാതെയും യൂണിഫോം ഇല്ലാതെയുമാണ് പൊലീസും കേന്ദ്ര സേനാംഗങ്ങളും മറ്റും പ്രക്ഷോഭകരെ തടഞ്ഞത്.
ഒക്‌ടോബർ പത്തിനുള്ള പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ തന്നെ തടസപ്പെടുത്താനുള്ള നടപടികൾക്കും കേന്ദ്ര സർക്കാർ തുടക്കംകുറിച്ചിരുന്നു. മാനസികമായും ശാരീരികമായും പ്രക്ഷോഭകരെ തളർത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു. സമരത്തിനു നേതൃത്വം നൽകുന്നവരെയും പങ്കെടുക്കാൻ സാധ്യതയുള്ളവരെയും തേടിപ്പിടിച്ച് തടങ്കലിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ നേതാക്കളെയും യുവജന–വിദ്യാർത്ഥി നേതാക്കളെയും നേരത്തേ തന്നെ വീട്ടുതടങ്കലിലാക്കി. ഏകദേശം പതിനായിരത്തോളം പേരെ ഇത്തരത്തിൽ തടങ്കലിലാക്കിയതായാണ് വിവരം.