യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; ഒ. ജെ. ജനീഷിനും ഷാഫി പറമ്പിലിനുമെതിരെ എസ്എഫ്ഐ പരാതി
മന്ത്രി ഒ. ജെ. ജനീഷിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ നിയമനടപടിയുമായി എസ്എഫ്ഐ. ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മ്യൂസിയം പൊലീസിൽ പരാതി നൽകി. യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് നടപടി.
വിദ്യാർഥികളെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന് ആരോപിച്ച് കന്റോൺമെന്റ് സി.ഐ സതീഷ് കുമാറിനും എസ്.ഐ ഗോകുൽ ഗോപനുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എസ്എഫ്ഐ പരാതിയിൽ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാർച്ച്’ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ. ജെ. ജനീഷിന്റെയും ഷാഫി പറമ്പിൽ എംപിയുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് തീപ്പന്തം എറിഞ്ഞതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികൾ കമ്പും കല്ലും കുപ്പികളും വലിച്ചെറിഞ്ഞതായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചു.
സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. ഇതിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവും സ്ഥലത്തെത്തി. തീപ്പന്തം വീണ് പടർന്ന തീ അണച്ചതിന് പിന്നാലെ പൊലീസ് വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
പൊലീസ് നടപടിക്കിടെ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റതായും എസ്എഫ്ഐ അറിയിച്ചു. സംഭവത്തിൽ ജനീഷ്, ഷാഫി പറമ്പിൽ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.