‘വലിയ തമാശ’; അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണാ ജോർജ്
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്തിടെ പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ച പദ്ധതിയാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് 30 മാസത്തിനകം അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്തകളിൽ കണ്ടപ്പോൾ തനിക്ക് വലിയ തമാശയായാണ് തോന്നിയതെന്ന് വീണാ ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
പദ്ധതി കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. 2026 ഫെബ്രുവരി 7ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചിരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു. 2022-23 കാലഘട്ടത്തിൽ തന്നെ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യകത സർക്കാർ ചർച്ച ചെയ്തിരുന്നുവെന്നും കോഴിക്കോട് ചേവായൂരിൽ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
കിഫ്ബി വഴി പദ്ധതി നടപ്പാക്കുന്നതിനായി ഏകദേശം 643 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നുവെന്നും മുൻ മന്ത്രി പറഞ്ഞു. ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി കപ്പൽ നിർമാണ പദ്ധതി മുൻപ് പ്രഖ്യാപിച്ചതിന് സമാനമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും അവർ പരിഹസിച്ചു.
ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലെ 20 ഏക്കർ സ്ഥലത്ത് 271 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അവയവമാറ്റ ആശുപത്രി സമുച്ചയം നിർമിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളും ഉൾപ്പെടുന്നതായിരിക്കും സമുച്ചയമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതോടൊപ്പം 35 കോടി രൂപ ചെലവിൽ ത്വക്ക് രോഗാശുപത്രിയും നിർമിക്കുമെന്നും എല്ലാ അവയവമാറ്റ സേവനങ്ങളും ഒരു കുടക്കീഴിൽ എത്തിച്ച് ചികിത്സാ ചെലവ് മൂന്നിലൊന്നായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം കെട്ടിടം പൂർത്തിയാകുന്നതുവരെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സ്ഥലം കണ്ടെത്തിയതും സ്പെഷ്യൽ ഓഫീസറെ നിയമിച്ചതും 60 തസ്തികകൾ സൃഷ്ടിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് വീണാ ജോർജ് പറഞ്ഞു. സ്ഥാപനം എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയും അന്ന് തയ്യാറാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
സംസ്ഥാനത്തിന് മുതൽക്കൂട്ടാകുന്ന 643 കോടി രൂപയുടെ ബൃഹദ് പദ്ധതിയെ 271 കോടി രൂപയായി ചുരുക്കരുതെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. പദ്ധതിയുടെ മുൻകാല നടപടികളും നിലവിലെ പ്രഖ്യാപനവും സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.