‘ചോര ചിന്തിയാലും തെരുവിലേക്ക് മടങ്ങും’; ഡൽഹി പൊലീസിനെതിരെ എ.എ. റഹീം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിലെ ഇടത് എംപിമാർ നടത്തിയ പ്രതിഷേധമാർച്ചിനിടെ പൊലീസ് മർദിച്ചെന്ന് എ.എ. റഹീം എംപിയുടെ പരാതി. കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെയാണ് ഡൽഹി പൊലീസ് തന്നെ മർദിച്ചതെന്നും ഒപ്പമുണ്ടായിരുന്നവർക്കും മർദനമേറ്റതായും റഹീം ആരോപിച്ചു.
പ്രതിഷേധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഇടത് എംപിമാരെ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കിയിരുന്നു. പൊലീസ് അതിക്രൂരമായി മർദിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റിയെന്നും റഹീം ആരോപിച്ചു. പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനത്തിനുള്ളിൽ ഒരു വനിതാ പ്രവർത്തകയെ പൊലീസ് ഉപദ്രവിക്കുന്നത് കണ്ടതിനെ തുടർന്ന് ഇടപെട്ടാണ് അത് തടഞ്ഞതെന്നും റഹീം പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ ആക്രമണമാണ് ഉണ്ടായതെന്നും നിരവധി തവണ തങ്ങളെ ഉപദ്രവിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് സഖാക്കളും തനിക്കൊപ്പമുണ്ടെന്നും റഹീം അറിയിച്ചു. കനത്ത പൊലീസ് സന്നാഹമുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നടപടികൾകൊണ്ട് പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും റഹീം വ്യക്തമാക്കി. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എത്ര ശക്തമായ ആക്രമണം നേരിട്ടാലും തെരുവിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.