കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അധികാരം നഷ്ടമായത് എസ്‌ഐആര്‍ കാരണം: അഭിജിത് ദീപ്‌കേ
ബെംഗളൂരുവിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുംതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദീപ്‌കെ. പ്രത്യേക സംക്ഷിപ്ത പുനഃപരിശോധന (SIR) നടപടിയിലൂടെ ബിജെപിയെ എതിർക്കുന്നവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും ഇതിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് ദീപ്‌കെയുടെ പ്രതികരണം. പശ്ചിമ ബംഗാളിലെ മമത ബാനർജി, ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ, തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ എന്നിവർ മത്സരിച്ച മണ്ഡലങ്ങളിൽ വലിയ തോതിൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്. ഈ നടപടികൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് അധികാരം നഷ്ടമായതിനും എസ്‌ഐആർ നടപടികൾ കാരണമായെന്നാണ് ദീപ്‌കെയുടെ ആരോപണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തിയ പ്രാദേശിക നേതാക്കളെയും ശക്തികളെയും ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
കർണാടകയിൽ ഒരു കോടിയോളം വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും, കേന്ദ്രത്തിൽ എൻഡിഎയ്ക്ക് ലഭിച്ച അധിക വോട്ടിനേക്കാൾ കൂടുതലാണ് ഒഴിവാക്കിയ വോട്ടുകളെന്നും ദീപ്‌കെ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും, രാജ്യത്തെ ബഹുകക്ഷി ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും ദീപ്‌കെ ആരോപിച്ചു. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു