Skip to main content
വാർത്തകൾ

മറ്റൊരു സംസ്ഥാനത്തേക്ക് പോയിരുന്നെങ്കിൽ നന്നായേനെ; സംസ്ഥാന കായികവകുപ്പിനെതിരെ ആൻസി സോജൻ

Ancy

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ലെന്ന് ആരോപിച്ച് ലോങ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികത്തുക കുറവാണെന്നും കായികതാരങ്ങൾക്ക് ലഭിക്കുന്ന പിന്തുണ കാണുമ്പോൾ സങ്കടമുണ്ടെന്നും ആൻസി  പറഞ്ഞു.

തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പാരിതോഷികം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതിഗതികൾക്ക് മാറ്റമില്ലെന്നാണ് ആൻസിയുടെ വിമർശനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കായികവകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് തലേദിവസമാണ് ക്ഷണം ലഭിച്ചത്. മുൻകൂട്ടി അറിയിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും യാത്രാസൗകര്യം ഒരുക്കുന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും താരം പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ പാരിതോഷികത്തുക വർധിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലും തുക ഉയർത്തേണ്ടതുണ്ടെന്ന് ആൻസി അഭിപ്രായപ്പെട്ടു. പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോയിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ പ്രഖ്യാപനമനുസരിച്ച് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷവും പാരിതോഷികമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മെഡൽ ജേതാക്കളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം നൽകുമെന്നും കായികമന്ത്രി പ്രഖ്യാപിച്ചിരുന്നു.