Skip to main content
വാർത്തകൾ

വെള്ളപ്പൊക്ക ദുരിതാശ്വാസം ആവശ്യപ്പെട്ട് അസമിൽ സിപിഐഎം പ്രതിഷേധം; 2,000ത്തിലേറെ പേർ കസ്റ്റഡിയിൽ

Assam cpim

വെള്ളപ്പൊക്ക ബാധിത കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും പുനരധിവാസവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അസമിൽ സിപിഐഎം നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി. റൈജോർ ദൾ പ്രസിഡന്റും എംഎൽഎയുമായ അഖിൽ ഗൊഗോയ് ഇതേ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ അധികാരകേന്ദ്രമായ ഡിസ്പൂരിലേക്ക് നടത്തിയ മാർച്ച് തടയുന്നതിനിടെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായതായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നിരാംകുഷ് നാഥ് പറഞ്ഞു. തുടർന്ന് 2,000ത്തിലേറെ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

കിഴക്കൻ അസമിലെ, പ്രത്യേകിച്ച് ചറൈഡിയോ, ശിവസാഗർ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിതർക്ക് അടിയന്തര ആശ്വാസവും പുനരധിവാസവും നൽകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജൂണിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക വെള്ളപ്പൊക്ക മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കുക, അസമിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ദേശീയ പ്രശ്നമായി അംഗീകരിക്കുക, അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്ക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഗുവാഹത്തിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പോലീസ് കനത്ത ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പ്രതിഷേധക്കാരുടെ ഒത്തുചേരലിനും നീക്കത്തിനും പോലീസ്-സിവിൽ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സിപിഐഎം ആരോപിച്ചു.

വിവിധ സ്ഥലങ്ങളിൽ നിരവധി പ്രതിഷേധക്കാരെ തടഞ്ഞുനിർത്തുകയും കസ്റ്റഡിയിലെടുത്ത് നിശ്ചയിച്ച പ്രതിഷേധ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തതായി നിരാംകുഷ് നാഥ് പറഞ്ഞു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായതായും അദ്ദേഹം ആരോപിച്ചു.

കസ്റ്റഡിയിലെടുത്തവരിൽ സിപിഐഎം അസം സംസ്ഥാന സെക്രട്ടറി സുപ്രകാശ് താലൂക്ക്ദാർ, കേന്ദ്ര കമ്മിറ്റി അംഗം ഇസ്ഫാഖുർ റഹ്മാൻ, മുതിർന്ന നേതാവ് ദേബൻ ഭട്ടാചാര്യ തുടങ്ങിയവരും ഉൾപ്പെടുന്നു.

അതേസമയം, അഖിൽ ഗൊഗോയിയുടെ അനിശ്ചിതകാല നിരാഹാര സമരം ബുധനാഴ്ച ആറാം ദിവസത്തിലേക്ക് കടന്നു. വെള്ളപ്പൊക്കത്തിൽ വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കിഴക്കൻ അസമിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഗൊഗോയ് ആവശ്യപ്പെടുന്നു.