Skip to main content
വാർത്തകൾ

തൃശൂരിൽ പറഞ്ഞത് ഇപ്പോൾ മറക്കുന്നുവെന്ന് സുരേഷ് ഗോപിക്കെതിരെ ആരോപണം

Binoy suresh

കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണെന്നും, ആ നേട്ടങ്ങളെ അംഗീകരിക്കുന്നതായി പറയുമ്പോഴും സംസ്ഥാനത്തിന് അർഹമായ പരിഗണന നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ മികവ് കേന്ദ്രസർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിൽ കേരളത്തിന് എയിംസ് അനുവദിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ എയിംസ് പ്രധാന പ്രചാരണ വിഷയമായിരുന്നുവെന്നും, സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ കേരളത്തിൽ എയിംസ് എത്തിക്കുമെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിപ്പിച്ചതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ആ വാഗ്ദാനങ്ങൾ മറന്ന നിലപാടാണ് സുരേഷ് ഗോപിയും കേന്ദ്രസർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇപ്പോൾ വിഴുങ്ങുകയാണെന്നും, അന്നത്തെ പ്രസ്താവനകൾ ജനങ്ങൾ ഓർമ്മിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എയിംസ് വിഷയത്തിൽ ജനങ്ങളെ വിശ്വസിപ്പിച്ചവർ ഇപ്പോൾ നിലപാട് മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എയിംസ് വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിശദീകരണം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് താൻ ക്ലീൻ ഷേവ് ആയിരുന്നുവെന്നും, പിന്നീട് നടത്തിയ ചില പ്രതികരണങ്ങൾ തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും, എയിംസ് ലഭിക്കാത്ത പക്ഷം ഭാവിയിൽ വോട്ട് ചോദിച്ച് ജനങ്ങളുടെ മുന്നിലെത്തില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.