പള്ളികളിലെത്തി പ്രതിഷേധത്തിനെതിരെ സന്ദേശം; ഡൽഹി പൊലീസിനെതിരെ ജോൺ ബ്രിട്ടാസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധം തടയാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നതായി ആരോപണം. പള്ളികളിൽ ഉൾപ്പെടെ എത്തി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ജനങ്ങളോട് പൊലീസ് നിർദേശിക്കുന്നതിന്റെ ദൃശ്യങ്ങൾ ജോൺ ബ്രിട്ടാസ് എം.പി. പുറത്തുവിട്ടു.
പള്ളിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽനിന്നുള്ള സന്ദേശം വായിച്ചുകേൾപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കുട്ടികളോടും അനാവശ്യമായി കൂട്ടംകൂടുകയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഉപദേശിക്കണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്.
ഡൽഹി പൊലീസിന്റെ നടപടിയെ വിമർശിച്ച ജോൺ ബ്രിട്ടാസ് എം.പി., പ്രതിഷേധത്തെ തടയാനുള്ള ഇത്തരം നീക്കങ്ങൾ സർക്കാരിന്റെ ആശങ്കയാണ് വ്യക്തമാക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ജനങ്ങൾ പ്രതിഷേധത്തിനൊപ്പം നിൽക്കുന്നുവെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രക്ഷോഭം തടയാൻ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികൾ പ്രതിഷേധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.