ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ പോസ്റ്റ്; കെപിസിസിക്ക് സുപ്രീംകോടതി നോട്ടീസ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ സമൂഹമാധ്യമ കുറിപ്പിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (കെപിസിസി) സുപ്രീംകോടതിയുടെ നോട്ടീസ്. കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിന്റെ പശ്ചാത്തലത്തിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചായിരുന്നു കുറിപ്പ്.
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന പരാമർശമടങ്ങിയ പോസ്റ്റ് വിവാദമായതോടെ കോൺഗ്രസ് പിൻവലിച്ചു. കുറിപ്പ് പ്രസിദ്ധീകരിച്ചതിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചിരുന്നു.
കെപിസിസി നേതൃത്വത്തിന്റെ അറിവോ അനുമതിയോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാദം സംബന്ധിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി കെപിസിസിയോട് വിശദീകരണം തേടിയതോടെ കേസിൽ തുടർനടപടികൾക്ക് വഴിയൊരുങ്ങി.