ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുവത മുന്നിട്ടിറങ്ങണം: പിണറായി വിജയൻ
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ വർഗീയശക്തികളുടെ ഭാഗത്തുനിന്ന് ശക്തമായി നടക്കുന്നുണ്ടെന്നും ഇതിനെതിരായ പോരാട്ടത്തിൽ യുവത മുൻപന്തിയിലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരള സർവകലാശാല യൂണിയന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വർഗീയത വളർത്താനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും ചിലർ അതിന് പ്രോത്സാഹനം നൽകുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരം നീക്കങ്ങളിലൂടെ അധികാരം കൈക്കലാക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു കാലഘട്ടത്തിൽ ജീവിക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. അതിന് യുവതയ്ക്ക് വലിയ പങ്കുവഹിക്കാനാകും. മർദനത്തിലൂടെ യുവജനങ്ങളുടെ പോരാട്ടങ്ങളെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.