വോട്ടെണ്ണൽ ദൃശ്യങ്ങൾ കാണാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിൽ 2023ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കമ്മീഷന്റെ കൈവശം രേഖകളില്ലെങ്കിൽ പിന്നെ ആരുടെ കൈവശമാണ് അവയുണ്ടാകുകയെന്ന് കോടതി ചോദിച്ചു. അടുത്ത വാദത്തിനുമുമ്പ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നതും അതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് എംഎൽഎ ടി.ഡി. രാജഗൗഡയും ബിജെപി സ്ഥാനാർഥി ഡി.എൻ. ജീവരാജും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാജഗൗഡ വിജയിച്ചതായി ആദ്യം പ്രഖ്യാപിച്ചിരുന്നുവെന്നും പിന്നീട് നടത്തിയ വോട്ടെണ്ണലിൽ ജീവരാജ് വിജയിച്ചതായി കമ്മീഷൻ പ്രഖ്യാപിച്ചെന്നുമാണ് റിപ്പോർട്ട്.
ആദ്യഘട്ട വോട്ടെണ്ണലിന്റെയും തുടർന്ന് നടത്തിയ പുനർവോട്ടെണ്ണലിന്റെയും ദൃശ്യങ്ങളും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോർട്ടും ലഭ്യമാക്കണമെന്നാണ് രാജഗൗഡയുടെ ആവശ്യം. രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിക്കാനിരിക്കെയാണ് 2023ലെ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് കമ്മീഷൻ അറിയിച്ചത്.
ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി, കൈവശമുള്ള എല്ലാ രേഖകളും അടുത്ത വാദത്തിനുമുമ്പ് ഹാജരാക്കാൻ നിർദേശിച്ചു. രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.