‘പേരുകൾ മായ്ക്കരുത്, ഞങ്ങളെ കേൾക്കൂ’; എസ്‌ഐആറിനെതിരെ ബെംഗളൂരുവിൽ പ്രതിഷേധം
എസ്‌ഐആർ നടപടികളിലും വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ പ്രതിഷേധം. ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി, സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, ജെഎൻയു വിദ്യാർഥി നേതാവ് ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. ‘വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. എസ്‌ഐആർ കേവലം വോട്ട് മോഷണത്തിന്റെ വിഷയമല്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് ആരോപിച്ചു.
രാജ്യത്ത് ആര് ഭരിക്കണമെന്ന് തീരുമാനിച്ചിരുന്നത് ജനങ്ങളായിരുന്നുവെന്നും എന്നാൽ എസ്‌ഐആറിന് പിന്നാലെ ആര് വോട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് വെറും കണക്കായി കാണാനാകില്ലെന്നും ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ തുടങ്ങിയ വിഭാഗങ്ങളുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌ഐആർ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് സുതാര്യതയോ ഉത്തരവാദിത്തമോ ഉണ്ടായിട്ടില്ലെന്ന് ധ്രുവ് റാഠിയും ആരോപിച്ചു. അതേസമയം, എസ്‌ഐആറിലൂടെ വോട്ട് മോഷണം നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും അഭിജീത് ദിപ്‌കെ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തെരുവിൽ പ്രതിഷേധം തുടരുമെന്നും ജനാധിപത്യം വീണ്ടെടുക്കുന്നതിനായുള്ള സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ എസ്‌ഐആർ നടപടികൾ മൂലം ദുരിതമനുഭവിക്കുന്നവർക്കായി ‘ജനകീയ ട്രൈബ്യൂണൽ’ എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് സിജെപി വ്യക്തമാക്കി. ‘Error 404 - Name Not Found’, ‘It’s done bro, resign sir’, ‘Don’t erase us, hear us’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ‘ഏകാധിപത്യം അനുവദിക്കില്ല’, ‘വോട്ട് മോഷണം’, ‘ഗ്യാനേഷ് കുമാർ കസേര ഒഴിയൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നു.
ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും ‘Grand Theft Democracy’ എന്ന മുദ്രാവാക്യമുള്ള പോസ്റ്ററും പ്രതിഷേധ സ്ഥലത്ത് പ്രദർശിപ്പിച്ചു. എസ്‌ഐആർ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ശേഷം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
പ്രതിഷേധ സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി അറിയിച്ചു. വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധത്തിൽ അണിചേരുമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി.