Skip to main content
വാർത്തകൾ

ഡൽഹിയിൽ സുരക്ഷ ശക്തമാക്കി; 70 കമ്പനി കേന്ദ്രസേനയെക്കൂടി വിന്യസിച്ചു

Delhi security

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രമസമാധാന സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ 70 കമ്പനി കേന്ദ്രസേനയെക്കൂടി നഗരത്തിൽ വിന്യസിച്ചു. പശ്ചിമ ബംഗാളിൽനിന്ന് 40 കമ്പനിയും ഛത്തീസ്ഗഢിൽനിന്ന് 30 കമ്പനിയും സേനയെ എത്തിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരും ദിവസങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങൾ റദ്ദാക്കി ഡൽഹിയിൽ തുടരുകയാണ്.

സിജെപി പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ച് ഡൽഹി പൊലീസ് വ്യാപക പ്രചാരണവും ആരംഭിച്ചു. യുവജന സംഘടനകളുടെയും വിവിധ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികളുടെയും പ്രതിനിധികളെ നേരിട്ട് സമീപിച്ചാണ് പൊലീസ് സന്ദേശം കൈമാറിയത്. നഗരത്തിൽ വിവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയവും ഛത്രസാൽ സ്റ്റേഡിയവും താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലേക്കുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുമായി ചർച്ചകൾ നടക്കുന്നതായും വിവരമുണ്ട്. ആപ്പ് അധിഷ്ഠിത ക്യാബ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ഹോട്ടലുകളിലും ഒയോ മുറികളിലും പുതിയ ബുക്കിങ്ങുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, തലസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.