Skip to main content
വാർത്തകൾ

ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ലംഘിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി; നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

cjp

ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്ന് കോക്ക്റോച്ച് ജനതാ പാർട്ടി  പ്രവർത്തകർ പ്രതിഷേധം നടത്തി. ഇന്ന്  നടന്ന പ്രതിഷേധത്തിൽ ദേശീയ പതാകയുമായി എത്തിയ ഇരുപതോളം പ്രവർത്തകർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പാർട്ടി നേതാക്കളായ ആശുതോഷ് റങ്കയെയും സൗരവ് ദാസിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

ജനതാദൾ (യുണൈറ്റഡ്) ഓഫീസിന്റെ ഗേറ്റ് വഴിയാണ് പ്രവർത്തകർ ജന്തർ മന്തറിലെത്തിയത്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു നീക്കം. ജന്തർ മന്തറിലെ പ്രതിഷേധ വേദി പദവി ഡൽഹി പൊലീസ് പിൻവലിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് നിയന്ത്രണങ്ങൾ അവഗണിച്ചുള്ള പ്രതിഷേധം നടന്നത്.

പ്രതിഷേധത്തിന് അനുമതി തേടി സിജെപി ഡൽഹി പൊലീസിന് അപേക്ഷ നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ തീരുമാനമറിയിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു. എന്നാൽ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് അനുമതി നിഷേധിച്ചതായി പാർട്ടി ആരോപിച്ചു.

ജന്തർ മന്തറിന് പകരം മൂന്ന് വേദികൾ

ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഒക്ടോബർ 11ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പ്രതിഷേധങ്ങൾക്ക് പകരം വേദികളായി നിർദേശിച്ചിരിക്കുന്നത്.

ബദൽ പ്രതിഷേധ വേദികൾ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പുതിയ വേദികളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പ്രത്യേകം പുറത്തിറക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാർലമെന്റിനും പ്രധാന സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ജന്തർ മന്തർ പതിറ്റാണ്ടുകളായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളിലെ പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമാണ്. പ്രതിഷേധങ്ങൾക്ക് വേദിയൊരുക്കുന്നതിനൊപ്പം പൊതുജനശ്രദ്ധയിലേക്ക് ആവശ്യങ്ങൾ എത്തിക്കാനും ഇവിടെ നടക്കുന്ന സമരങ്ങൾക്ക് സാധിച്ചിരുന്നു. പുതിയ തീരുമാനത്തോടെ പ്രതിഷേധ സംഘാടകർക്ക് മറ്റ് വേദികൾ തേടേണ്ടിവരും.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കിടെ നടപടി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ജന്തർ മന്തറിലെ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളും ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ആരോപണങ്ങളും ഉയർത്തിയാണ് പ്രതിപക്ഷ സംഘടനകളും പ്രതിഷേധക്കാരും രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധങ്ങൾക്ക് ഏറെക്കാലമായി വേദിയായിരുന്ന ജന്തർ മന്തറിനെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി പൊതുജനങ്ങൾക്ക് പ്രധാനപ്പെട്ട പ്രതിഷേധ വേദിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുമെന്ന ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്.