Skip to main content
വാർത്തകൾ

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി; കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിപിഎം

Jm

ഡൽഹിയിലെ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. കേന്ദ്ര സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് പാർട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വിയോജിപ്പുകളോടുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തോടുള്ള അവഗണനയുമാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും സിപിഎം ആരോപിച്ചു.

ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ഡൽഹി പൊലീസ് നേരത്തേ തന്നെ പതിവായി അനുമതി നിഷേധിച്ചുവരികയാണെന്ന് പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. പൊലീസിന്റെ ഏകപക്ഷീയമായ നടപടികൾ ഇപ്പോൾ ഔദ്യോഗിക തീരുമാനത്തിലൂടെ നിയമവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും പാർട്ടി വിമർശിച്ചു. ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന പൊതുജനരോഷത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്നും പ്രസ്താവനയിൽ ആരോപിച്ചു.

ജന്തർ മന്തറിന് പകരമായി നിർദേശിക്കുന്ന മറ്റ് പ്രതിഷേധ വേദികൾക്ക് അതേ പ്രാധാന്യമില്ലെന്നും സിപിഎം വ്യക്തമാക്കി. രാഷ്ട്രീയ അധികാര കേന്ദ്രങ്ങൾക്ക് സമീപം പ്രതിഷേധിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് പാർട്ടിയുടെ ആരോപണം. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ജന്തർ മന്തർ നൽകുന്ന ദൃശ്യതയും പൊതുജനങ്ങളുടെ എളുപ്പത്തിലുള്ള പ്രവേശനവും അധികാര കേന്ദ്രങ്ങളോടുള്ള സാമീപ്യവും മറ്റ് വേദികളിൽ ലഭിക്കില്ലെന്നും പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

ജന്തർ മന്തർ തുടർന്നും പൊതുജനങ്ങളുടെ പ്രതിഷേധ വേദിയായി നിലനിൽക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾ തടയാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി.