ജന്തർ മന്തറിൽ സമരം തടഞ്ഞാൽ ഡൽഹിയിൽ ആയിരം സമരവേദികൾ; മുന്നറിയിപ്പുമായി എം.എ. ബേബി
ഡൽഹിയിലെ ജന്തർ മന്തറിൽ നാളെ നടക്കാനിരിക്കുന്ന പ്രതിഷേധം തടഞ്ഞാൽ തലസ്ഥാനത്ത് ആയിരം ജന്തർ മന്തറുകൾ സൃഷ്ടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സമരത്തിന് മുന്നോടിയായി ജനങ്ങളെ ഭയപ്പെടുത്താൻ യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൻതോതിൽ സായുധ പൊലീസിനെ വിന്യസിക്കുകയും ഡൽഹിയെ ബാരിക്കേഡുകളുടെ നഗരമാക്കി മാറ്റുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
റോഡ്, റെയിൽ മാർഗങ്ങളിലൂടെ ഡൽഹിയിലെത്താൻ ജനങ്ങൾക്ക് കഴിയാത്ത സാഹചര്യമാണുള്ളതെന്നും സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ഇതിന് ഭാഗികമായി അയവുണ്ടായെന്നും എം.എ. ബേബി വ്യക്തമാക്കി. ജന്തർ മന്തറിൽ പ്രതിഷേധം അനുവദിക്കാത്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഡൽഹിയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചിടരുതെന്നും പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെങ്കിലും അതിന്റെ പേരിൽ എല്ലാവരെയും തടയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.