Skip to main content
വാർത്തകൾ

ആരോഗ്യവകുപ്പിൽ മന്ത്രി-സെക്രട്ടറി പോര് രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് കെ. മുരളീധരൻ

k muraleedharan health

ആരോഗ്യവകുപ്പിൽ മന്ത്രി കെ. മുരളീധരനും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സെക്രട്ടറിയുമായുള്ള അതൃപ്തി മന്ത്രി മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിച്ചതായാണ് വിവരം. നിർണായക തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിൽ അനുമതി വൈകുന്നതും സർക്കാർ തീരുമാനങ്ങളുടെ തുടർനടപടികൾ ഇഴയുന്നതുമാണ് മന്ത്രിയുടെ പ്രധാന പരാതികളെന്നാണ് സൂചന.

പ്രിൻസിപ്പൽ സെക്രട്ടറി കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും മന്ത്രിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ നയപരമായ തീരുമാനങ്ങൾ എടുത്ത് നൽകിയിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം മന്ത്രി മുന്നോട്ടുവച്ചത്.

മുൻ സർക്കാരിന്റെ കാലത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മെല്ലെപ്പോക്കുണ്ടെന്നും മന്ത്രി ആരോപിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മുൻ സർക്കാരിന്റെ കാലത്തെ 35ലേറെ കേസുകളിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി.

കെഎംഎസ്‌സിഎൽ ക്രമക്കേടുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ മുൻ സർക്കാരിനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി ആരോപിക്കുന്നുണ്ട്. മുൻ സർക്കാരുമായി ബന്ധപ്പെട്ടവരോട് പ്രിൻസിപ്പൽ സെക്രട്ടറി അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനവും മന്ത്രി ഉന്നയിച്ചതായാണ് വിവരം.

നയപരമായ വിഷയങ്ങളിൽ സർക്കാർ തീരുമാനങ്ങൾ എടുത്തിട്ടും ഫയലുകളിൽ തുടർനടപടികൾ വൈകുന്നതാണ് മന്ത്രിയുടെ മറ്റൊരു പ്രധാന പരാതി. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിൽ നടപടി നീളുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

സംസ്ഥാനത്ത് മരുന്ന് ക്ഷാമം നേരിട്ട സാഹചര്യത്തിലും മരുന്ന് വാങ്ങുന്നതിനുള്ള അടിയന്തര ടെൻഡർ നടപടികൾ സ്വീകരിക്കാത്തതും മന്ത്രി-സെക്രട്ടറി ബന്ധം കൂടുതൽ വഷളാക്കിയെന്നാണ് വിവരം. ആരോഗ്യവകുപ്പിലെ ഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഭിന്നതകൾ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയതോടെ വിഷയത്തിൽ സർക്കാർ തലത്തിൽ തുടർനടപടി ഉണ്ടാകുമോയെന്നാണ് ഇനി ശ്രദ്ധേയമാകുന്നത്.