Skip to main content
വാർത്തകൾ

എസ്ഐആർ വെട്ടിക്കുറയ്ക്കലുകൾ കേരളത്തെയും ബാധിച്ചു; ബിജെപിയുടെ അജണ്ട യുഡിഎഫിന് ഗുണമായി: കെ.എൻ. ബാലഗോപാൽ

Balagopal sir

എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നടത്തിയ വെട്ടിക്കുറയ്ക്കലുകൾ കേരളത്തെയും ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇതുസംബന്ധിച്ച പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും ബിജെപിയുടെ അജണ്ട യുഡിഎഫിന് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ നീക്കങ്ങൾ ബിജെപിക്ക് അനുകൂലമാകുമെന്നും ഡൽഹിയിൽ ഭീതിജനകമായ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്നുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ദേശീയതലത്തിലെ വിഷയങ്ങളും ഒരുമിച്ച് ചേർത്ത് കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്ക് ഫാസിസ്റ്റ് പ്രവണതയാണുള്ളതെന്ന് കെ.കെ. ശൈലജ ടീച്ചർ ആരോപിച്ചു. നാളെ നടക്കുന്ന സമരത്തിന് രാജ്യത്തെ എല്ലാ രാജ്യസ്നേഹികളുടെയും പിന്തുണയുണ്ടാകുമെന്നും അവർ പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് എം.പി. വി. ശിവദാസൻ വ്യക്തമാക്കി. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ഡൽഹി പൊലീസ് മനസ്സിലാക്കണമെന്നും ബ്രിട്ടീഷ് പട്ടാളത്തിന് മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നവരുടെ പിന്മുറക്കാരല്ല സമരത്തിലുള്ള വിദ്യാർഥികളെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വലിയ വില നൽകേണ്ടിവരുമെന്ന് ജോൺ ബ്രിട്ടാസ് എം.പിയും മുന്നറിയിപ്പ് നൽകി.