Skip to main content
വാർത്തകൾ

കേരളം മുതൽ തമിഴ്‌നാട് വരെ; തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ദുരൂഹത ആരോപിച്ച് കെ.ടി. ജലീൽ

Kt jaleel ec

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും കേരളത്തിലെ വോട്ടർപട്ടികയിലടക്കം നടന്നുവെന്ന് ആരോപിക്കുന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നും മുൻമന്ത്രി കെ.ടി. ജലീൽ. കേരളം, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.

കേരളത്തിലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായി പറയുന്ന 25 ലക്ഷം വോട്ടുകളെക്കുറിച്ചും പുതുതായി ചേർത്ത 15 ലക്ഷം വോട്ടർമാരിൽ ഇരട്ടവോട്ടുകൾ എത്രയുണ്ടെന്നതിനെക്കുറിച്ചും ജലീൽ ചോദ്യങ്ങളുന്നയിച്ചു. വോട്ടെണ്ണലിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി നടത്തിയ മംഗളൂരു യാത്രയും സ്വകാര്യ വിമാനയാത്രയുടെ ചെലവ് വഹിച്ച വ്യക്തിയും സംബന്ധിച്ചും അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടു.

എസ്ഐആറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2023നുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിനോട് കേരളത്തിലെ കോൺഗ്രസും മുസ്‌ലിം ലീഗും യോജിക്കുന്നുണ്ടോയെന്നും ജലീൽ ചോദിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകളെന്ന് ആരോപിക്കപ്പെടുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.