ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള സമരം അടിച്ചമർത്താനാകില്ല; മോദിക്കും ഷായ്ക്കും മുന്നറിയിപ്പുമായി എം.എ. ബേബി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താനാകില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. രാജ്യത്തിന്റെ മുഴുവൻ പിന്തുണയും സമരത്തിനുണ്ടെന്നും ലാത്തിയും ബാരിക്കേഡുകളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ച് പ്രതിഷേധത്തെ തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സാധ്യമായ എല്ലാവരുമായും സഹകരിച്ച് സമരം ശക്തമായി തുടരാനാണ് പാർട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ ഡൽഹി പൊലീസ് ക്രൂരമായി മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധം തടയുന്നതിനായി ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സർവീസുകൾ നിർത്തിവെക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തതിലൂടെ ജനജീവിതം സ്തംഭിപ്പിച്ചെന്നാണ് ബേബിയുടെ ആരോപണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം കേന്ദ്രസർക്കാർ തടയുകയാണെന്നും സുപ്രീംകോടതിയുടെ നിർദേശങ്ങൾ ലംഘിച്ചാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കാനാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ജന്തർമന്തറുകൾ ഉയർന്നുവരുന്ന സാഹചര്യമുണ്ടാകുമെന്നും വരും ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്ന മോദിക്കും ഷായ്ക്കും അധികകാലം തുടരാനാകില്ലെന്നും എം.എ. ബേബി പ്രതികരിച്ചു. പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് അതിക്രൂരമായാണ് പെരുമാറിയതെന്നും ഇന്ത്യാ സഖ്യവുമായി ചേർന്ന് സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രപതിക്ക് പോലും നൽകാത്ത പരിരക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിരിക്കുകയാണെന്നും ബേബി ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ പ്രതിപക്ഷ കക്ഷികളുടെ സഹകരണം ഉറപ്പാക്കി സമരം വ്യാപിപ്പിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.