Skip to main content
വാർത്തകൾ

പിണറായി വിജയനെതിരായ വിജിലൻസ് കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും: എം.വി. ജയരാജൻ

Mvj pinarayi

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ. വ്യാജവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെട്ടിച്ചമച്ചതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഭീഷണിപ്പെടുത്തി ശേഖരിച്ച മൊഴികളാണ് ഇഡി തെളിവുകളായി ഉപയോഗിച്ചതെന്നും സാക്ഷികൾ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. ഈ വിവരങ്ങൾ പരിശോധിക്കാതെയാണ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും ഇഡിയുടെ റിപ്പോർട്ടും ഹർജിക്കാരന്റെ വാദങ്ങളും മാത്രം പരിഗണിച്ച നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഏകാധിപത്യപരമായ നീക്കങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പിന്തുണ നൽകുകയാണെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.