കേന്ദ്രസർക്കാരിന്റേത് നവഫാസിസ്റ്റ് സമീപനം; തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർ
കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നവഫാസിസ്റ്റ് സമീപനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജെപിയുടെ ചട്ടുകമായി കമ്മീഷനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ്. കേരളത്തിലും പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എസ്ഐആർ നടപടികളുടെ ഭാഗമായി കേരളത്തിൽ ഒരു ഭാഗത്ത് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുമ്പോൾ മറുഭാഗത്ത് പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്ന സാഹചര്യമുണ്ടായെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നടപടികളെല്ലാം വിശദമായി പരിശോധിക്കണം. ജനാധിപത്യ സംവിധാനം സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ നിലപാടിനെ എതിർക്കുന്ന യോജിക്കാവുന്ന മുഴുവൻ ശക്തികളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസിലെ അപ്പീലിൽ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദേശീയതലത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.