നാട്ടികയിലെ പൊലീസ് ലാത്തിച്ചാർജിനെതിരെ പിണറായി വിജയൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ടു
നാട്ടികയിലെ എൽഡിഎഫ് പ്രതിഷേധത്തിനിടെ നടന്ന പൊലീസ് ലാത്തിച്ചാർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആഭ്യന്തര മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന് വിരുദ്ധമായാണ് പൊലീസ് സമരക്കാരുടെ തലയ്ക്ക് ലാത്തിയടിച്ച് പരിക്കേൽപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പൊലീസ് ആരുടെയും തലയ്ക്കടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയതിന്റെ ചൂടാറും മുൻപാണ് നാട്ടികയിൽ സമരക്കാർക്കുനേരെ ലാത്തിച്ചാർജ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മന്ത്രിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാതെ പൊലീസ് തെരുവിൽ സ്വന്തം മാനുവൽ നടപ്പാക്കുകയാണെന്നും സമരക്കാരെ നേരിടുന്ന സേനയുടെ നിയന്ത്രണം ആരുടെ കൈകളിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
നാട്ടികയിലെ ജനങ്ങൾ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും പൂർത്തിയാകാത്ത ദേശീയപാതയിൽ ടോൾ പ്ലാസ സ്ഥാപിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടോൾ പിരിവ് പാടില്ലെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശം അവഗണിച്ചാണ് ദേശീയപാത അതോറിറ്റി നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ഏതെങ്കിലും ബാഹ്യശക്തികളാണോയെന്ന് സർക്കാർ വിശദീകരിക്കണമെന്നും പിണറായി പറഞ്ഞു.
പൊലീസ് നടപടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായും ഡിവൈഎഫ്ഐയുടെ പ്രധാന നേതാക്കൾക്ക് തലയ്ക്ക് പരിക്കേറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പ്രതിഷേധങ്ങളെ ഇത്തരത്തിൽ അടിച്ചമർത്താനാണോ സർക്കാരിന്റെ തീരുമാനമെന്നും പിണറായി വിജയൻ ചോദിച്ചു.