ഗ്യാനേഷ് കുമാർ വിവാദം; ഡൽഹി പൊലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. “ഇതെന്ത് ജനാധിപത്യം?” എന്ന് ചോദിച്ച അദ്ദേഹം, രാജ്യത്തിന്റെ ജനപ്രതിനിധികളായ തങ്ങളെ കാണാൻ പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ മുന്നൂറോളം ജനപ്രതിനിധികളെ പൊലീസ് തടഞ്ഞുവെച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനാണ് സമരം നടത്തുന്നതെന്നും, പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ പാർലമെന്റ് കവാടത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ.എ. റഹീം എം.പി എന്നിവർ ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു. ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും അവിടെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു.
സ്ഥലത്ത് നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ അത് നിരസിച്ചു. പ്രതിഷേധം തുടരുമെന്നും, കസ്റ്റഡിയിലാക്കലുകളോ മറ്റ് നടപടികളോ ഉണ്ടായാലും പിന്നോട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.