Skip to main content
വാർത്തകൾ

സജിയുടെ മരണം മനസ്സാക്ഷിയെ ഉലച്ച സംഭവം; പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണം: പിണറായി വിജയൻ

Pinarayi police

ചിറയിൻകീഴിൽ പൊലീസിന്റെ മർദനമേറ്റ സജി മരിച്ച സംഭവം നാടിന്റെ മനസ്സാക്ഷിയെ ഉലച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രമസമാധാനം പാലിക്കേണ്ട പൊലീസുകാർ തന്നെ കൊലയാളികളായി മാറുന്ന കാടത്തമാണ് യു.ഡി.എഫ് ഭരണത്തിന് കീഴിൽ അരങ്ങേറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റൊരാൾക്കെതിരെ പൊലീസ് നടത്തിയ ക്രൂരത ചോദ്യം ചെയ്തതിന്റെ പേരിലാണ് അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ മർദിച്ചതെന്നാണ് ആരോപണം. പൊലീസിലെ ക്രിമിനലുകൾക്ക് ആഭ്യന്തരവകുപ്പ് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സാധാരണക്കാർക്കും പ്രതിഷേധക്കാർക്കും നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളും ഭീഷണികളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതിയിൽനിന്ന് പിന്മാറാൻ ഒരു മന്ത്രിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ കുടുംബത്തെ സമീപിച്ച് പ്രലോഭിപ്പിക്കാനും വിലപേശാനും ശ്രമിച്ചെന്ന വാർത്തകൾ സർക്കാരിന്റെ മനുഷ്യത്വമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സജിയുടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.