Skip to main content
വാർത്തകൾ

പിണറായി വിജയനെ വേട്ടയാടുന്നു; സി.എം.ആർ.എൽ കേസിൽ ഗൂഢാലോചന: ടി.പി. രാമകൃഷ്ണൻ

Tp ramakrishnan

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരായ കോടതി നടപടികളിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കോടതിയും പൊലീസും വിവിധ അന്വേഷണ ഏജൻസികളും പിണറായി വിജയനെ ദീർഘകാലമായി വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലാവലിൻ കേസിലും സമാനമായ നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും പിണറായി വിജയനെ തകർക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധികളെ അംഗീകരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും അതേസമയം അവയെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. നിലവിലെ നടപടികൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ഇത് അന്തിമ വിധിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിലെ നിയമപരവും രാഷ്ട്രീയവുമായ വശങ്ങൾ പരിശോധിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐ.എമ്മിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ കേരളത്തിലെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന അഭിജിത് ദീപ്‌കെയുടെ വെളിപ്പെടുത്തലും ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർപട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള പാരിതോഷികമായാണോ രത്തൻ ഖേൽക്കറുടെ നിയമനമെന്ന കാര്യത്തിലും സംശയമുന്നയിച്ചു.