Skip to main content
വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്: ഫെന്നി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും പ്രതികളാകും; കുറ്റപത്രം ഉടൻ

sreena devi

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ഫെന്നി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കാൻ പൊലീസ് നടപടി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. കണ്ടാലറിയാവുന്ന മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞുവരികയാണ്.

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസം അടൂർ പൊലീസ് സ്റ്റേഷനിലുണ്ടായ സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന് ചർച്ചയായതോടെയാണ് അന്വേഷണം വേഗത്തിലാക്കിയത്. മൂന്ന് മാസം മുൻപ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതുവരെ തുടർനടപടികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ഡിജിപി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, പ്രതിയെ കാണാൻ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരം നൽകിയതിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായിരുന്ന പ്രതിഷേധം ശമിപ്പിക്കുന്നതിനാണ് പരാതിക്കാരിയെ അകത്തേക്ക് കടത്തിവിട്ടതെന്നും വനിതാ പൊലീസുകാർ ഡ്യൂട്ടിയിലില്ലാതിരുന്ന സാഹചര്യത്തിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എസ്.പിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.