കെപിസിസി അധ്യക്ഷസ്ഥാനത്തിനായി എ ഗ്രൂപ്പ്; ബെന്നിക്കും ഷാഫിക്കും വേണ്ടി നീക്കം
കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസിലെ എ ഗ്രൂപ്പ് സമ്മർദം ശക്തമാക്കുന്നു. ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും ഷാഫി പറമ്പിലിനും വേണ്ടിയാണ് നീക്കം. ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ വീതംവെപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ഹൈക്കമാൻഡിനെ അറിയിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷസ്ഥാനവും ആവശ്യപ്പെടാനാണ് ഗ്രൂപ്പിന്റെ തീരുമാനം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ ദുർബലമായ എ ഗ്രൂപ്പ് വീണ്ടും ശക്തിപ്പെടാനുള്ള ശ്രമത്തിലാണ്. ബോർഡ്–കോർപറേഷൻ സ്ഥാനങ്ങളിലെ വീതംവെപ്പിനെച്ചൊല്ലിയുള്ള അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനമാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. വി.ഡി. സതീശൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായ സാഹചര്യത്തിൽ വിശാല ഐ ഗ്രൂപ്പിന് സർക്കാരിൽ കൂടുതൽ പരിഗണന ലഭിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇതിന് സമതുലിതമായ പരിഹാരമായി പുതിയ കെപിസിസി അധ്യക്ഷസ്ഥാനം തങ്ങൾക്ക് നൽകണമെന്നാണ് ആവശ്യം.
അധ്യക്ഷസ്ഥാനം ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളയാൾക്കാണെങ്കിൽ ബെന്നി ബെഹനാനെയും മുസ്ലിം വിഭാഗത്തിൽ നിന്നാണെങ്കിൽ ഷാഫി പറമ്പിലിനെയും പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ താൽപര്യം. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ ബുധനാഴ്ച ചേർന്ന ഗ്രൂപ്പ് യോഗത്തിൽ ധാരണയായതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കാണാനും നീക്കമുണ്ട്.
എ ഗ്രൂപ്പിന്റെ പുനരുജ്ജീവന നീക്കത്തോടെ നേരത്തെ മറ്റു ക്യാമ്പുകളിലേക്ക് മാറിയ നേതാക്കളും തിരിച്ചെത്തുന്നതായാണ് സൂചന. കെ.സി. വേണുഗോപാൽ ക്യാമ്പിലായിരുന്ന ഷാഫി പറമ്പിലും വിഷ്ണുനാഥും ഉൾപ്പെടെയുള്ളവർ വീണ്ടും എ ഗ്രൂപ്പിന്റെ ഭാഗമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ ഇരുവരും സജീവമാണെന്നും സൂചനയുണ്ട്.