ദുർഗാപൂജയ്ക്കിടെ സിപിഎമ്മിന്റെ പുസ്തകവിൽപ്പനയിൽ വൻ വർധന; വരുമാനം 1.53 കോടി രൂപ
ദുർഗാപൂജയോടനുബന്ധിച്ച് പശ്ചിമ ബംഗാളിലുടനീളം സ്ഥാപിച്ച പുസ്തക സ്റ്റാളുകളിലൂടെ 1.53 കോടി രൂപയുടെ വരുമാനം ലഭിച്ചതായി സിപിഐഎം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുസ്തകവിൽപ്പനയിൽ 70 ശതമാനത്തോളം വർധനയുണ്ടായെന്നാണ് പാർട്ടിയുടെ അവകാശവാദം. ഇത്തവണ സംസ്ഥാനത്തുടനീളം 1,106 പുസ്തക സ്റ്റാളുകളാണ് സിപിഎം ഒരുക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ നൂറോളം സ്റ്റാളുകൾ അധികമാണിത്.
കഴിഞ്ഞ വർഷം പുസ്തകവിൽപ്പനയിലൂടെ 90,12,806 രൂപയാണ് ലഭിച്ചതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. ഇത്തവണ വരുമാനം 1.53 കോടി രൂപയായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രശസ്തമായ ദുർഗാപൂജ പന്തലുകൾക്ക് സമീപം പുസ്തക സ്റ്റാളുകൾ സ്ഥാപിക്കുന്നത് സിപിഎമ്മിന്റെ ദീർഘകാല പാരമ്പര്യമാണ്.
അതേസമയം, ഇത്തവണ നിരവധി പുസ്തക സ്റ്റാളുകൾ ആക്രമിക്കപ്പെട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയുടെയും വലതുപക്ഷ സംഘടനകളുടെയും പിന്തുണയുള്ളവർ മുന്നൂറിലധികം സ്റ്റാളുകൾ ആക്രമിച്ചതായി സുജൻ ചക്രവർത്തി ആരോപിച്ചു. ചിലയിടങ്ങളിൽ ആവശ്യമായ അനുമതികളില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ താൽക്കാലിക സ്റ്റാളുകൾ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പുസ്തക സ്റ്റാളുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വിൽപ്പനയിലെ വർധനയും ചർച്ചയായതോടെ പുതിയ പൊതുജനസമ്പർക്ക പരിപാടിക്കും സിപിഎം രൂപം നൽകിയിട്ടുണ്ട്. നവംബർ 15ന് പുസ്തകങ്ങളുമായി വീടുകളിലെത്തുന്ന 'വീട്ടിലെ പുസ്തക സ്റ്റാളുകൾ' എന്ന പരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 37 പുസ്തകങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും പുസ്തക സ്റ്റാളുകൾക്ക് നേരെയുണ്ടായ ആക്രമണം, വോട്ടർ പട്ടിക പരിഷ്കരണത്തിനിടയിലെ വോട്ട് മോഷണ ആരോപണം തുടങ്ങിയ വിഷയങ്ങൾ പുസ്തകങ്ങളിലൂടെ ജനങ്ങളിലെത്തിക്കുമെന്നും സുജൻ ചക്രവർത്തി പറഞ്ഞു.