Skip to main content
വാർത്തകൾ

കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി ആരോപണം

ksu

കെഎസ്‌യു കാസർഗോഡ് ജില്ലാ കമ്മിറ്റിക്കെതിരെ ഫണ്ട് തിരിമറി ആരോപണവുമായി കോളേജ് യൂണിറ്റ് ഭാരവാഹികൾ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ പിരിച്ചെടുത്ത പണം യൂണിറ്റുകൾക്ക് നൽകിയില്ലെന്നാണ് പരാതി. കെഎസ്‌യുവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഭാരവാഹികൾ ആരോപണം ഉന്നയിച്ചത്.

പാർട്ടി നേതാക്കളുമായി ബന്ധമുള്ള വിവിധ സഹകരണ ബാങ്കുകളിൽനിന്ന് ഉൾപ്പെടെ ജില്ലാ കമ്മിറ്റി നേരിട്ട് ഫണ്ട് പിരിച്ചെന്നാണ് ആരോപണം. രാജപുരത്തെ സ്വകാര്യ കോളേജ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി 25,000 രൂപ പിരിച്ചെങ്കിലും 10,000 രൂപ മാത്രമാണ് നൽകിയതെന്നും ബാക്കി തുക എവിടെയെന്നു വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രാജപുരം സെന്റ് പയസ് കോളേജ് യൂണിറ്റിന് 25,000 രൂപ നൽകിയെന്ന പ്രചാരണം നിലനിൽക്കുമ്പോഴും തങ്ങൾക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

അതേസമയം, ആരോപണങ്ങൾ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പൂർണമായും നിഷേധിച്ചു. പിരിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.