കമൽ ഹാസന് ജന്മദിനാശംസകളുമായി പിണറായി വിജയൻ; മതനിരപേക്ഷ നിലപാടുകളെ പ്രശംസിച്ച് കുറിപ്പ്
നടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം നേടിയ പ്രതിഭാശാലിയാണ് കമൽ ഹാസനെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സിനിമയ്ക്കപ്പുറം മതനിരപേക്ഷതയിലും മാനവികതയിലും പുരോഗമന ചിന്തകളിലും ഉറച്ചുനിൽക്കുന്ന രാഷ്ട്രീയ വ്യക്തിത്വം കൂടിയാണ് കമൽ ഹാസനെന്നും പിണറായി വിജയൻ പറഞ്ഞു.
അഭിനയത്തിൽ തുടങ്ങി തിരക്കഥ, സംവിധാനം, നിർമാണം തുടങ്ങി ചലച്ചിത്രകലയുടെ വിവിധ മേഖലകളിൽ കമൽ ഹാസൻ തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്ന് പിണറായി ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. വെള്ളിത്തിരയിലെ നേട്ടങ്ങളിൽ ഒതുങ്ങിനിൽക്കാതെ ജനാധിപത്യ രാഷ്ട്രീയത്തിന് കരുത്തുപകരുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ഈ നാടിനോട് പ്രത്യേക സ്നേഹവും ആത്മബന്ധവും പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് കമൽ ഹാസനെന്നും പിണറായി കുറിച്ചു. പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നതായും ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും സിനിമയ്ക്കും നാടിനും കൂടുതൽ മികച്ച സംഭാവനകൾ നൽകാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.