Skip to main content
വാർത്തകൾ

ജിഎൻഎ വൈദ്യുതി കരാറിൽ ദുരൂഹതയെന്ന് പിണറായി; മുഴുവൻ രേഖകളും പുറത്തുവിടണമെന്ന് ആവശ്യം

pinarayi vijayan

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ഇബി മുന്നോട്ടുവച്ച ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതി വാങ്ങൽ നിർദേശം മറികടന്ന് ജിഎൻഎയുടെ ഓഫർ സ്വീകരിച്ചതിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പിണറായി ആവശ്യപ്പെട്ടു.

കെഎസ്ഇബി സാങ്കേതികവും സാമ്പത്തികവുമായ പരിശോധനകൾ നടത്തി സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങൽ നിർദേശം അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പിണറായി ചോദിച്ചു. വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനെ അനുകൂലിച്ചിരുന്നുവെന്നാണ് തന്റെ വാദം. എന്നിട്ടും ജിഎൻഎയുടെ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

ജിഎൻഎയുടെ ഓഫർ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നോ, ചീഫ് എൻജിനീയറുടെ പരിശോധനാ റിപ്പോർട്ട് ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും പിണറായി ഉന്നയിച്ചു. കെഎസ്ഇബി എംഡിയായിരുന്ന രാജമാണിക്യം ഐഎഎസിന്റെ കുറിപ്പിലെ ചില ഭാഗങ്ങൾ മാത്രം ഉദ്ധരിച്ചാൽ ബോർഡിന്റെ എതിർപ്പ് ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ഫയലുകളും സർക്കാരിന് ലഭിച്ച കത്തുകളും പൂർണമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

ജിഎൻഎ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള വ്യാപാരിയോ അല്ലെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയ പിണറായി, വൈദ്യുതി വിൽക്കാനുള്ള അതിന്റെ അധികാരം എന്താണെന്നും ചോദിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വൈദ്യുതി വാങ്ങാനുള്ള നിരക്കിലും പിണറായി സംശയമുന്നയിച്ചു. വിപണി നിരക്ക് യൂണിറ്റിന് അഞ്ച് രൂപയോളം മാത്രമായിരിക്കെ 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമാക്കണം. ഫയലിൽ ആദ്യം രേഖപ്പെടുത്തിയ 8.48 രൂപ എങ്ങനെയാണ് 8.63 രൂപയായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ 8.90 രൂപയുടെ ഓഫർ എവിടെനിന്ന് വന്നതെന്നും അദ്ദേഹം ചോദിച്ചു.

വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ച് പൊതുപണത്തിന് നഷ്ടമുണ്ടാക്കാനുള്ള നീക്കമാണിതെന്ന സംശയവും പിണറായി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണമാണ് ശരിയെങ്കിൽ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മന്ത്രിസഭാ കുറിപ്പുകളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.