മാരിടൈം ബില്ലിനെതിരെ തോമസ് ഐസക്; 25,000 ഏക്കർ ഭൂമി ലക്ഷ്യമിട്ടുള്ള നീക്കമെന്ന് ആരോപണം
യുഡിഎഫ് സർക്കാരിന്റെ മാരിടൈം ബില്ലിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഭൂമിയിലുള്ള വിഭവങ്ങളെല്ലാം ഏതാണ്ട് ചൂഷണം ചെയ്ത സർക്കാർ ഇപ്പോൾ കടലിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 25,000 ഏക്കർ ഭൂമി ലക്ഷ്യമിട്ടുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്നും ഐസക് പറഞ്ഞു.
തുറമുഖങ്ങൾ വികസിപ്പിച്ച് വ്യാപാരകേന്ദ്രങ്ങളാക്കുകയും വ്യവസായികൾക്ക് ഫാക്ടറികൾ സ്ഥാപിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതിലൂടെ വികസനം സാധ്യമാക്കാമെന്നാണ് യുഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം വിമർശിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തും മുമ്പ് തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമാനത്തിൽ പോയി അദാനിയെ കണ്ടെന്നും തിരിച്ചെത്തിയ ശേഷം 'മിഷൻ സമുദ്ര' പ്രഖ്യാപിച്ചെന്നും ഐസക് ആരോപിച്ചു.
തുറമുഖ വികസനത്തിനൊപ്പം ആവശ്യമായ ഭൂമി കൂടി ഏറ്റെടുക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഉപജീവനമാണ് വ്യാപാരത്തേക്കാൾ പ്രധാനം. രാജ്യത്തെ ഏറ്റവും വലിയ മത്സ്യസങ്കേതങ്ങളിലൊന്നായ കേരളത്തിന്റെ കടൽ ആവാസവ്യവസ്ഥയിൽനിന്ന് മണൽ ഖനനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.