88 ദിവസം പിന്നിട്ടിട്ടും പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചില്ല; വനിതാസംവരണ ബിൽ വീണ്ടും കൊണ്ടുവരാൻ നീക്കമെന്ന് ആരോപണം
ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ അപൂർവമായ സംഭവമായി വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാതെ മാസങ്ങളായി നീട്ടിക്കൊണ്ടുപോകുന്നു. ഓഗസ്റ്റ് 13ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ സമ്മേളനം നവംബർ 9 ആയിട്ടും പ്രൊറോഗ് ചെയ്തിട്ടില്ല. ഇതോടെ 88 ദിവസം പിന്നിട്ടിരിക്കുകയാണ്. 2008ൽ രേഖപ്പെടുത്തിയ 87 ദിവസത്തെ റെക്കോർഡും മറികടന്നു. എന്നാൽ, ഇത്രയും കാലം സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിന്റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
മണ്ഡലപുനർനിർണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണ നിയമം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ലോക്സഭയിൽ ആവശ്യമായ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 17ന് സമാനമായ ബിൽ പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടാക്കി ബില്ലിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിലൂടെ കുറഞ്ഞ അറിയിപ്പിൽ സഭ വീണ്ടും വിളിച്ചുചേർക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിലവിലെ സമ്മേളനത്തിന്റെ തുടർയോഗം ചേരാൻ രണ്ടുദിവസത്തെ അറിയിപ്പ് മതിയാകുമ്പോൾ പുതിയ സമ്മേളനം വിളിച്ചുചേർക്കാൻ 14 ദിവസത്തെ അറിയിപ്പ് ആവശ്യമാണ്. സാധാരണയായി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് രണ്ടുമുതൽ നാലുദിവസത്തിനുള്ളിൽ പ്രൊറോഗേഷൻ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. 2015ൽ 28 ദിവസവും 1987ൽ 76 ദിവസവും സമ്മേളനം പ്രൊറോഗ് ചെയ്യാതെ തുടർന്നിട്ടുണ്ട്.
ഈ കാലതാമസത്തിന് പിന്നിൽ മണ്ഡലപുനർനിർണയ ബില്ലുകൾ പാസാക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൂടുതൽ സമയം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും പാർട്ടി വ്യക്തമാക്കി.
അതേസമയം, സമ്മേളനം പ്രൊറോഗ് ചെയ്യാത്തതുകൊണ്ടുമാത്രം ഭരണഘടനാ ലംഘനമോ നടപടിക്രമത്തിലെ വീഴ്ചയോ സംഭവിക്കുന്നില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങളും പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ ഐക്യവും സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകളെ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ശൈത്യകാല സമ്മേളനത്തിന് മുമ്പ് പ്രത്യേക യോഗം വിളിച്ച് വിവാദ ബില്ലുകൾ വീണ്ടും അവതരിപ്പിക്കുമോയെന്നാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.