Skip to main content
വാർത്തകൾ

ദുരന്തവേദനകൾ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക്; ശ്രുതി സുരേഷിന് ഗുരുവായൂരിൽ മാംഗല്യം

sruthy

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി സുരേഷ് പുതിയ ജീവിതത്തിലേക്ക്. മാനന്തവാടി സ്വദേശി സന്ദീപ് ശങ്കരൻ ശ്രുതിക്ക് ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ താലിചാർത്തി. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ.

മുൻ റവന്യൂ മന്ത്രി കെ. രാജനായിരുന്നു വിവാഹത്തിന്റെ രക്ഷാകർത്താവിന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശ്രുതിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ഒപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് ജോലി ചെയ്യുന്ന ഒരാളുടെ കൈകളിലാണ് ശ്രുതിയെ ഏൽപ്പിച്ചതെന്നും രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് സന്ദീപ് തന്റെ കൈപിടിച്ചതെന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർഥനയെന്നും ശ്രുതി പറഞ്ഞു. ജീവിതത്തിലേക്ക് സന്തോഷത്തോടെ കടക്കുകയാണെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും സന്ദീപും പ്രതികരിച്ചു.

ചൂരൽമല ദുരന്തത്തിൽ വീട്ടിലെ ഒമ്പത് അംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിന് പിന്നാലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനായിരുന്ന ജെൻസനും മരിച്ചിരുന്നു. തുടർച്ചയായ ദുരന്തങ്ങളും വേദനകളും നേരിട്ട ശ്രുതിക്ക് അന്നത്തെ സർക്കാർ കൈത്താങ്ങായി. വയനാട് കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ ജോലി ലഭിച്ചതോടെയാണ് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് ശ്രുതി തുടക്കമിട്ടത്. വേദനകളുടെ ഓർമകൾക്കിടയിലും പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് ശ്രുതി.