ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാരിനെതിരെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധിക്കുശേഷം വലിയ ആക്രമണമാണ് ബിജെപിയും കോണ്‍ഗ്രസും അഴിച്ചുവിടുന്നത്. സുപ്രീംകോടതി വിധി വന്നഘട്ടത്തില്‍ അതിനെ സ്വാഗതം ചെയ്തവരാണ് പിന്നീട് ഈ ആക്രമണത്തിലേക്ക് തിരിഞ്ഞത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്ത് പുത്തരിക്കണ്ടം മൈതാനിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീംകോടതി വിധി വന്നപ്പോള്‍ ചരിത്രപരമായ വിധി എന്നാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം പ്രതികരിച്ചത്. ഭയ്യാജി ജോഷിയെപ്പോലുള്ള ആര്‍എസ്എസിന്റെ ദേശീയ നേതാക്കള്‍ വിധിയെ സ്വാഗതം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിധിയെ സ്വാഗതം ചെയ്തതാണ്. കോടതി വിധിക്കനുസരിച്ച് കാര്യങ്ങള്‍ നടത്തണമെന്നാണ് വിധിവന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതൊക്കെപ്പറഞ്ഞവര് പെട്ടെന്ന് നിലപാട് മാറ്റുകയാണുണ്ടായത്. എന്താണ് ഇതിനുപിന്നിലെ താല്‍പ്പര്യം. ആരാണ് ആദ്യം നിലപാട് മാറ്റിയത് എന്നതുസംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമാണ്. പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്മാറിയ ആര്‍എസ്എസ് വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിര്‍ത്തി, തങ്ങള്‍ക്ക് സംഭവിച്ച ക്ഷീണം പരിഹരിക്കാനാവുമോ എന്നാണ് നോക്കുന്നത്. എല്ലാം മറന്ന് രംഗത്തെത്തിയ ആര്‍എസ്എസ് അത്യന്തം പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയത്.
ഉത്തരവാദപ്പെട്ടവരില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒട്ടേറെ പരാമര്‍ശങ്ങള്‍ നമ്മള് കേട്ടു. സ്ത്രീകളെ വലിച്ചുകീറും എന്നുവരെ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന വനിതാ നേതാക്കള്‍ക്കെതിരെ സംസ്കാര ഹീനമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നു. ഇതിനൊക്കെ കോണ്‍ഗ്രസ് ഒപ്പം നില്ക്കുന്ന നിലവന്നു. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസുകാരാകെ ഇതിനൊപ്പം നില്‍ക്കണം എന്ന നിലപാടുപോലും കൈക്കൊണ്ടു. കോണ്‍ഗ്രസിന് എങ്ങനെയാണ് ആര്‍എസ്എസിന്റെ പ്രക്ഷോഭത്തോടൊപ്പം കൂടാന്‍ കഴിയുന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍നിന്ന് ആരുടെയെങ്കിലും വ്യത്യസ്തമായ സ്വരം കേള്‍ക്കാനായില്ല. കോണ്‍ഗ്രസിനുള്ളില്‍ ആര്‍എസ്എസ് മനസ്സ് എത്ര രൂഢമൂലമായിക്കൊണ്ടിരിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമാകെ കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചു. കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ മനസ്സുണ്ടാകാന്‍ പാടില്ലല്ലോ. ആര്‍എസ്എസിന്റെ സമരത്തിനൊപ്പം പോകുമ്പോള്‍ കോണ്‍ഗ്രസിന് എന്ത്സംഭവിക്കും എന്ന് കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നവര് ചിന്തിക്കണം. ആര്‍എസ്എസ് സമരത്തിനൊപ്പം ചേര്‍ന്നവര്‍ക്ക് നാളെ ബിജെപിയാവാന്‍ ഒരുബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് മനസ്സിലാക്കിക്കൊള്ളണം.
ഭരണഘടനയോടുള്ള ആര്‍എസ്എസ് സമീപനം കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നവര് മനസ്സിലാക്കണം. ഭരണഘടനാമൂല്യങ്ങള്‍ക്കും നിയമങ്ങള്ക്കുമുള്ളതിനേക്കാള് പ്രാധാന്യം വിശ്വാസത്തിനാണ് എന്നാണ് ആര്‍എസ്എസ് സമരത്തിനൊപ്പം ചേര്‍ന്നുകൊണ്ട് കോണ്‍ഗ്രസുകാരും ഏറ്റുപറയുന്നത്. മുസ്ലിംലീഗൊക്കെ വലിയ ആവേശത്തോടെ കൈയടിക്കുന്നുണ്ടല്ലോ. ഈ വിശ്വാസം അല്‍പ്പം ഒന്നു നീട്ടി ബാബ്റിമസ്ജിദിന് ബാധകമാക്കിയാല്‍ എന്താവും. രാമജന്മഭൂമിയാണ് അത് എന്നല്ലേ ഒരു വിഭാഗത്തിന്റെ വിശ്വാസം. ഒരുബാബ്റി മസ്ജിദ് മാത്രമല്ല, ഇതര മതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ആരാധനാലയങ്ങളായിരുന്നു എന്ന് ആര്‍എസ്എസ് അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
നിയമവാഴ്ചയുള്ള നാട്ടിലെ സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന നിലപാടേ സ്വീകരിക്കാനാവൂ. സര്‍ക്കാരിനെ തെറി പറഞ്ഞോ കുറ്റപ്പെടുത്തിയോ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരം ഇളക്കിവിട്ടോ സര്‍ക്കാരിനെക്കൊണ്ട് വേറെ നിലപാടെടുപ്പിക്കാനാവില്ല. വിധിവന്നപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി എന്ന നിലയില്‍ ക്ഷണിച്ചതാണ്. എന്തുകൊണ്ടോ അവര്‍ ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറായില്ല. ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനോ വിധി മറികടക്കാന്‍ പുതിയ നിയമനിര്‍മാണം നടത്താനോ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല– മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ സാമൂഹ്യപരിഷ്കരണ നടപടികള്‍ക്കും അതാത് കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മാറുമറക്കാനുള്ള അവകാശം നേടിയെടുത്തപ്പോഴും അതിനെതിരെ സമരം നടന്നിട്ടുണ്ട്. മാറു മറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറാന്‍ പോലും തയ്യാറായി മാറുമറക്കാത്ത സ്ത്രീകള്‍ മുന്നോട്ടുവന്നു. എന്നാല്‍ ചരിത്രം അവര്‍ക്കൊപ്പമല്ല നിന്നത്. ആചാരങ്ങള്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണഗുരുവും പഠിപ്പിച്ചത്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും ആചാരലംഘനങ്ങളായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇത്തരം ദുരാചാരങ്ങളെല്ലാം മാറിയത്. അതിന് ശക്തമായ തുടര്‍ച്ചയിവിടെയുണ്ടായി. കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളും ഇടതുപക്ഷ പ്രസ്ഥാനവും ഈ നവോത്ഥാനധാരയെ ഉള്‍ക്കൊണ്ടു മുന്നോട്ടുപോയതാണ് ഈ നാടിനെ മാറ്റിയത്. പിണറായി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താനാണ് ശ്രമം. ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന കോണ്‍ഗ്രസും ബിജെപിയും കേസ് നടക്കുന്ന ഘട്ടത്തില്‍ കേസില്‍ കക്ഷി ചേരാന്‍ തയ്യാറായിരുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിലയിരുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധി എല്ലാവര്ക്കും ബാധകമാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ ഓര്‍ഡിനന്‍സ് കൊണ്ട് മറികടക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.